ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം : ദേശീയ പാതയിൽ സമരം നീങ്ങുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പോലീസ് തടഞ്ഞു. കരിങ്കൊടിയുമായി ചാടിവീണ വനിതാപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് ആര്‍ഷോ അടക്കം എത്തിയത്. പ്രവര്‍ത്തകരുടെ കൈയില്‍ കറുത്ത ബലൂണുകളും ഉണ്ടായിരുന്നു. ‘ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല’ എന്ന് എഴുതിയ ബാനര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ആര്‍ഷോ അടക്കം ധരിച്ച ടീ ഷര്‍ട്ടില്‍ ‘സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു.പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് ഒരുവശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം സമാധാനപരമായി തുടരുമെന്ന് പ്രതീക്ഷിച്ചുനില്‍ക്കെ, അപ്രതീക്ഷിതമായാണ് കറുത്ത ബാഡ്ജും ടീഷര്‍ട്ടും ധരിച്ച് വനിതാ പ്രവര്‍ത്തകരടക്കം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത്. ഇതോടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തുകയായിരുന്നു.കനത്ത സുരക്ഷ ഭേദിച്ച് പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിന് സമീപം കരിങ്കൊടിയുമായി എത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉള്‍പ്പെടെ വീണ്ടും കരിങ്കൊടിയുമായെത്തി. പ്രവര്‍ത്തകരെ നിലത്തിട്ടിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.നേരത്തെ, സര്‍വകലാശാല ക്യാമ്പസിന്റെ പ്രധാനകവാടത്തിനടുത്ത് എ.ഐ.എസ്.എഫും പ്രതിഷേധം നടത്തിയിരുന്നു. 3.30-ന് യൂണിവേഴ്സിറ്റി സനാതന ധര്‍മ്മപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേര്‍ന്നുനടത്തുന്ന സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കാനിരിക്കെയായിരുന്നു പ്രതിഷേധം.