ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് : മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടി വരുന്ന നിലയിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്ക് കഴിയും ? പ്രതിഷേധക്കാര്‍ക്കുനേരെ ഔദ്യോഗിക പദവിയിലിരിക്കുന്ന ആള്‍ പാഞ്ഞടുക്കുന്ന സ്ഥിതി രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്തതാണ്. അതാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.‘ഏതെല്ലാം കഠിനപദങ്ങളാണ് ആ ചെറുപ്പക്കാര്‍ക്ക് നേരെ ഉപയോഗിച്ചത്. ക്രിമിനല്‍സ്, ബ്ലഡി റാസ്‌കല്‍സ് അങ്ങനെ ഏതെല്ലാം തരത്തിലാണ് വിശേഷിപ്പിച്ചത്. ഇതാണോ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടത്. ആ തരത്തില്‍ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നത സ്ഥാനം. തെറ്റായ കാര്യങ്ങളുണ്ടെങ്കില്‍ നോക്കാന്‍ നിയമപരിപാലനത്തിലുള്ള ഉദ്യോഗസ്ഥരുണ്ടല്ലോ. എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയില്‍ അദ്ദേഹം എത്തിയിരിക്കുകയാണ്. വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്നത് മാത്രമല്ല ഒരു നാടിനെ തന്നെ ആക്ഷേപിച്ചിരിക്കുന്ന നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ചിലെ കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കാന്‍ പുറപ്പെടുന്നതും കാണുന്നതുണ്ട്. അവരുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുക അല്ല ഉദ്ദേശ്യമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തിരുത്തിക്കാനുള്ള ഇടപെടല്‍ വേണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്’ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സാധാരണ ഒരു ഗവര്‍ണറെ കുറിച്ച് ഇങ്ങനെയൊന്നും പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഇങ്ങനെയുള്ള മാനസികാവസ്ഥയില്‍ എത്തിയാല്‍ എന്ത് ചെയ്യും. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറെ അപമാനിക്കുന്ന ബാനറുകള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിലാണ് ഉയര്‍ത്തിയതെന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ ഉന്നയിച്ച ആരോപണത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.‘വേറെ എന്തോ ഉദ്ദേശം അദ്ദേഹത്തിനുണ്ട്. നാട്ടിലാകെ ഒരു വല്ലാത്ത അന്തരീക്ഷം വന്നിരിക്കുന്നുവെന്ന് ഒരു പ്രതീതി ഉണ്ടാക്കണം. ആ പ്രതീതി സൃഷ്ടിക്കാന്‍ അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് പ്രചാരണം നടത്തുകയാണ്.ഇതുപോലെ ഒരു വ്യക്തിയെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്കാണ് കഴിയുക. മുരളീധരനെ (കേന്ദ്രമന്ത്രി വി. മുരളീധരന്‍) പോലുള്ള അപൂര്‍വ്വം ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. സാധാരണനിലയെല്ലാം വിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആളാണ്. സംഭവങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ നടപടികള്‍ സ്വീകരിക്കും. ഗവര്‍ണര്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിക്കേണ്ടതായിട്ട് വരും. പ്രധാനമന്ത്രിയും പ്രസിഡന്റുമുണ്ട്. ആര്‍ക്കൊക്കെ കത്തയക്കണമെന്ന് ആലോചിക്കും’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *