വണ്ടിപ്പെരിയാർ പോക്സോ കേസിലെ വീഴ്ച:ഡിജിപിയുടെ വീട്ടുവളപ്പിൽ കടന്നുകയറി പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രവർത്തകർ
തിരുവനന്തപുരം : ഡിജിപി എസ്. ദർവേഷ് സാഹിബ് ഔദ്യോഗിക വസതിയിലുള്ളപ്പോൾ, ഗേറ്റ് തള്ളിത്തുറന്ന് വനിതാ മോർച്ചയുടെ പ്രതിഷേധം. വണ്ടിപ്പെരിയാർ പോക്സോ കേസിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച വന്നതായി ആരോപിച്ചായിരുന്നു മാർച്ച്. വഴുതക്കാട്ടെ വീട്ടുവളപ്പിൽ കയറിയ അഞ്ച് പ്രവർത്തകർ മുറ്റത്ത് ഇരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രവർത്തകരെത്തുമ്പോൾ ആവശ്യത്തിന് പൊലീസുകാർ വീട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ഡിജിപി ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചു വരുത്തി വിശദീകരണം തേടി. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനാണ് നിർദേശം.പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നായിരുന്നു ആദ്യം മഹിളാ മോർച്ച അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഡിജിപിയുടെ വീട്ടിലേക്ക് മാറ്റി. രാവിലെ പ്രവര്‍ത്തകർ എത്തുമ്പോൾ ഡിജിപിയുടെ വീടിനു മുന്നിൽ ആവശ്യത്തിനു പൊലീസുണ്ടായിരുന്നില്ല. പ്രവർത്തകർ ഗേറ്റ് മറികടന്ന് അകത്തു കയറുകയായിരുന്നു.പരാതി നൽകാനുണ്ടെന്നു പറഞ്ഞാണ് വീടിനു മുന്നിലെ ചെറിയ സന്ദർശക ഗേറ്റിനു മുന്നിൽ പ്രവർത്തകരെത്തിയത്. ഗേറ്റ് തുറന്ന പൊലീസ് ഇവിടെയല്ല, പൊലീസ് ആസ്ഥാനത്താണ് പരാതി നൽകേണ്ടതെന്ന് അറിയിച്ചു.പെട്ടെന്ന് ഗേറ്റ് തള്ളിത്തുറന്ന പ്രവർത്തക അകത്തേക്ക് ഒാടിക്കയറി. പിന്നാലെ മറ്റ് പ്രവർത്തകരും വളപ്പിനുള്ളിൽ കയറുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് ഇവരെ തടയാനായില്ല. വനിതാ പൊലീസും സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് കൂടുതൽ പൊലീസെത്തി അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ തറയിൽ കിടന്ന് പ്രതിഷേധിച്ചു. വനിതാ പൊലീസ് ഏറെ പരിശ്രമിച്ചാണ് ഇവരെ അറസ്റ്റു ചെയ്തു നീക്കിയത്.