പാങ്ങോട് സൈനിക കേന്ദ്രത്തിൽ വിജയദിനം ആചരിച്ചു
തിരുവനന്തപുരം : 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ രാജ്യം നേടിയ വിജയത്തിൻ്റെ സൂചകമായി ഇന്ന് (ഡിസംബർ 16) പാങ്ങോട് സൈനിക കേന്ദ്രത്തിൽ വിജയ് ദിവസ് ആചരിച്ചു. പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എംപി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കൂടാതെ മുതിർന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനൻ്റ് ജനറൽ തോമസ് മാത്യു, പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ വിവിധ റെജിമെന്റുകളിലെ കമാൻഡിംഗ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, സൈനികർ എന്നിവർ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. രക്തസാക്ഷികളെ വന്ദിച്ചുകൊണ്ട് “സലാമി ശാസ്ത്രം”, “ശോക ശാസ്ത്രം” എന്നിവആലപിക്കുകയും തുടർന്ന് രണ്ട് മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി ആർമി ബാൻഡ് ‘ലാസ്റ്റ് പോസ്റ്റ്’ വായിച്ചു. ലഫ്റ്റനന്റ് ജനറൽ എ.കെ. നിയാസിയുടെ നേതൃത്വത്തിൽ 90000-ത്തിലധികം പാകിസ്ഥാൻ സൈനികർ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ (അന്നത്തെ കിഴക്കൻ പാകിസ്ഥാൻ)അന്നത്തെ ഈസ്റ്റേൺ കമാൻഡ് ജനറൽ ഓഫിസർ കമാണ്ടിംഗ് ഇൻ ചീഫ് ആയിരുന്ന ലഫ്റ്റനന്റ് ജനറൽ ജെ.എസ്. അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈന്യത്തിന് മുന്നിൽ നിരുപാധികം കീഴടങ്ങിയ ദിവസമാണ് വിജയ് ദിവസ്.