ഡോ. ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും പൊലീസ് കസ്റ്റഡിയില്‍ ഇന്ന് തീരുമാനം

Spread the love

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായഅജ്മലിനെയും യുവ വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ശാസ്താംകോട്ട കോടതിയിലാകും പ്രതികളെ ഹാജരാക്കുക. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. ശേഷം നിര്‍ണായക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. മനപ്പൂര്‍വ്വമുള്ള നരഹത്യക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.മദ്യലഹരിയിലായിരുന്ന പ്രതികള്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അജ്മലിന്റെയും ശ്രീക്കുട്ടിയുടെയും രക്ത സാമ്പിള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അജ്മലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. കേസില്‍ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *