ഗസ്സ അതിര്‍ത്തികളില്‍ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു
ജറൂസലം: ഗസ്സ അതിര്‍ത്തികളില്‍ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കരയുദ്ധത്തിന് ഇസ്രായേല്‍ മുന്നൊരുക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തിയത്. ഗസ്സയില്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ മരിച്ചുവീഴുന്നതിനിടെയാണ് നേരിട്ടുള്ള കരയുദ്ധത്തിനും ഇസ്രായേല്‍ ഒരുങ്ങുന്നത്.ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ഉള്‍പ്പെടെ 2 മുതിര്‍ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രയേലിന്റെ അവകാശവാദം. ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമറാണ് കൊല്ലപ്പെട്ട മറ്റൊരു പ്രമുഖന്‍.ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഇരുഭാഗത്തുമായി മരണസഖ്യം രണ്ടായിരം കവിഞ്ഞു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 140 കുട്ടികളും 120 സ്ത്രീകളും ഉള്‍പ്പെടും. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1008ആയി.ഗസ്സയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണമുണ്ട്. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. ഇസ്രയേലിലും ഗസ്സയിലും യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. യുഎന്‍ ഓഫീസിന്റെ ഒരുഭാഗം തകര്‍ന്നു.