നീണ്ട കാത്തിരിപ്പിനു ശേഷം നെയ്യാറ്റിൻകര കൃഷിഭവൻ നിർമ്മിക്കുന്നതിന് സ്ഥലം അനുവദിച്ചു
നെയ്യാറ്റിൻകര:നീണ്ട കാത്തിരിപ്പിനു ശേഷം നെയ്യാറ്റിൻകര കൃഷിഭവൻ നിർമ്മിക്കുന്നതിന് സ്ഥലം അനുവദിച്ചു. വഴുതൂർ പവിത്രാനന്ദപുരം കോളനിക്ക് സമീപമുള്ള നഗരസഭയുടെ 50 സെന്റ് വസ്തുവിൽ 10 സെന്റ് ആണ് ഇതിലേക്ക് വേണ്ടി അനുവദിച്ചത്. ആർ ഐ ഡി എഫ് പദ്ധതിക്ക് കീഴിൽ നെയ്യാറ്റിൻകര കൃഷിഭവനെ സ്മാർട്ട് കൃഷി ഭവനാക്കി മാറ്റുന്നതിന് രണ്ടുകോടി ഫണ്ട് അനുവദിച്ചിരുന്നു. ചുവരുകൾ വിണ്ടുകീറിയും ചോർന്ന് ഒലിക്കുന്ന മേൽക്കൂരയും ആല്കിളിർത്ത് പിളർന്ന് മാറിയ ചുവരുമാണ് കൃഷി ഭവൻ്റെ ഭൗതീക സാഹചര്യം. മഴയെത്ത് ഫയലുകളും മറ്റത്യാവശ്യ സാധനങ്ങളും അതിനോടപ്പം സ്വന്തം ജീവനും രക്ഷിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും ജീവനക്കാർ. മഴയത്ത് ചോർന്നൊലിക്കുന്ന വെള്ളം ദിവസങ്ങളോളം തറയിൽ കെട്ടിക്കിടക്കും. തൂത്തുകളയുകയോ ചണ ചാക്കുകൾ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുകയോ ആണ് പതിവ്. ഓഫീസ് 15 വർഷം മുമ്പ് പുതിയ നഗരസഭ കെട്ടിടം നിർമ്മിക്കുന്ന സമയത്താണ് മൃഗസംരക്ഷണ വകുപ്പിന്റെ പൊളിച്ച് മാറ്റാൻ തീരുമാനിച്ച കെട്ടിടത്തിലേയ്ക്ക് നെയ്യാറ്റിൻകര നഗരസഭ കൃഷി ഭവനെ മാറ്റിയത്. ദിവസേന 50 നും 75 നും ഇടയ്ക്ക് കർഷകർ വരുന്ന കൃഷിഭവനിൽ നിൽക്കാൻ പോലും സ്ഥലം ഇല്ലാത്ത നിലയിലാണ്. മഴ പെയ്താൽ നനയാത്ത ഒരു മുറി പോലും നിലവിലില്ല. ഫയലുകളും ഉപകരണങ്ങളും പെട്ടെന്ന് നശിച്ചു പോകുന്ന ഒരു അവസ്ഥയാണ്. വികസന സമിതി കൂടാനായി നഗരസഭയെയാണ് ആശ്രയിക്കാറ്.വിത്ത്, വളം, തൈകൾ മുതലായവ സൂക്ഷിക്കാനുള്ള സ്ഥലമോ സൗകര്യങ്ങളോ ഇല്ല.