പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിർത്തിയിലുള്ള ഖാബിർ പക്ദൂൻഖ്വായിലെ പൊലീസ് കോംപൌണ്ടില്‍ നടന്ന ഭീകരാക്രമണത്തിലാണ് 23 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഭീകരവാദ ഗ്രൂപ്പാണ് ആക്രമണണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. പാകിസ്ഥാന്‍ സൈന്യം ബേസ് ക്യാംപായി ഉപയോഗിച്ചിരുന്ന പൊലീസ് കോപൌണ്ടിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ചെത്തിയ വാഹനം ഇടിച്ച് കയറുകയായിരുന്നു.നേരത്തെ ക്യാംപിലേക്ക് ഇടിച്ച് കയറാന്‍ തീവ്രവാദി സംഘങ്ങൾ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നാണ് പാക് ആർമി വിശദമാക്കുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ചെത്തിയ ട്രെക്കുമായി മതിൽ തകർത്ത് എത്തിയ ചാവേർ ക്യാംപിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന വെടികോപ്പുകളും പൊട്ടിത്തെറിച്ചതോടെയാണ് വലിയ അപകടമുണ്ടായതെന്നാണ് സൂചന. പുലർച്ചെ സമയത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും ഉറങ്ങിക്കിടന്ന സൈനികരെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ആറ് തീവ്രവാദികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.ആക്രമണത്തിന് പിന്നാലെ സൈന്യം മേഖലയിൽ നടത്തി നടപടികളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 27 കടന്നതായാണ് റിപ്പോർട്ട്. തഹരീക് ഇ ജിഹാദ് പാകിസ്ഥാന്‍ എന്ന ഭീകരവാദ സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ അതിർത്തിയോട് ചേർന്നുള്ള പാക് അതിർത്തി പ്രദേശങ്ങളിൽ ഭീകരാക്രമണ സംഭവങ്ങൾ വർധിക്കുന്നതിനിടയിലാണ് സേനാ ക്യാംപ് ആക്രമിക്കപ്പെട്ടത്. ഈ വർഷം ആദ്യത്തിലാണ് പാക് താലിബാന്‍ സംഘടനകളുമായി ബന്ധമുള്ള തഹരീക് ഇ ജിഹാദ് പാകിസ്ഥാന്‍ രൂപമെടുത്തതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് താലിബാന്‍ തീവ്രവാദ സംഘടനകൾ വർഷങ്ങളായി പാക് സേനയ്ക്കെതിരായി ആക്രമണം നടത്തി വരികയാണ്.