ഇരിട്ടിയിൽ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയി
ഇരിട്ടിയിൽ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയി. പരിക്കേറ്റ വയോധികൻ മരിച്ചു. അപകടത്തിൻ്റെ സിസിടിവി ദ്യശ്യം പോലീസിന് ലഭിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.ഇരിട്ടി കീഴൂർക്കുന്നിൽ ഫുട്പാത്തിലൂടെ നടന്നു വരികയായിരുന്ന ഇടുക്കി സ്വദേശിയായ രാജൻ കാല് തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് പിന്നാലെ എത്തിയ വാഹനം രാജനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.പുറകെ നിന്ന് എത്തിയ മറ്റൊരു വാഹനവും ഇദ്ദേഹത്തിൻ്റെ ദേഹത്ത് കയറി. ഈ സമയം ഇതുവഴി ഇരുചക്രവാഹനം ഉൾപ്പെടെ പോയെങ്കിലും ഇദ്ദേഹത്തെ തിരിഞ്ഞ് നോക്കിയില്ല. പിന്നീട് വന്ന വാഹന ഡ്രൈവർമാരാണ് നിർത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വയോധികനെ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.