ജനവാസമേഖലയിൽ പാറ ഉത്പന്ന ഗോഡൗൺ

Spread the love

പാറശ്ശാല : ജനവാസമേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറ ഉത്‌പന്ന ഗോഡൗണിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് ലൈസൻസ് പോലുമില്ലാതെ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിന് പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവർത്തനം തുടരുന്നതായി ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി.സംസ്ഥാന അതിർത്തിയായ ഇഞ്ചിവിളയിൽ കരമന കളിയിക്കാവിള റോഡിനോടുചേർന്നുള്ള സ്വകാര്യ ഭൂമിയിലാണ് രണ്ടാഴ്ച മുമ്പ് ഗോഡൗൺ പ്രവർത്തനം തുടങ്ങിയത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായുള്ള പാറ ഉത്പന്നങ്ങളാണ് സംഭരിക്കുന്നതെന്നാണ് പ്രദേശവാസികളെ അറിയിച്ചിരുന്നത്.എന്നാൽ, തമിഴ്‌നാട്ടിൽനിന്ന് എത്തിക്കുന്ന വലിയ പാറകളും ഉത്‌പന്നങ്ങളും ഇവിടെ സംഭരിച്ചശേഷം സംസ്ഥാനത്തേക്ക് വിൽപ്പനയ്ക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.തമിഴ്‌നാട്ടിൽ അമിത ഭാരവുമായെത്തുന്ന ടിപ്പർ ലോറികൾക്കെതിരേ നടപടി ശക്തമാക്കിയതും നിയന്ത്രണങ്ങൾ കടുപ്പിച്ചതും കേരളത്തിലേക്ക് പാറ ഉത്‌പന്നങ്ങൾ എത്തിക്കുന്ന സംഘത്തിന് ലാഭത്തിൽ വലിയ കുറവുണ്ടാക്കി.ഇത് മറികടക്കുന്നതിനായി നിയമ പ്രകാരമുള്ള ഭാരവുമായി അതിർത്തി കടന്നെത്തുന്ന ടിപ്പറുകളെ ഈ ഗോഡൗണിൽ എത്തിച്ച് ഇവിടെനിന്ന് കൂടുതൽ സാധനങ്ങൾ കയറ്റി സംസ്ഥാനത്തേക്ക് കടക്കുന്നതിനാണ് ഈ ഗോഡൗൺ പ്രവർത്തനം ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.വലിയ പാറക്കഷണങ്ങൾ യന്ത്രസഹായത്താൽ പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കുന്ന ജോലിയും ഇവിടെ ആരംഭിച്ചതോടെയാണ് പ്രദേശവാസികളിൽ നിന്ന് പ്രതിഷേധമുയർന്നത്.ജനവാസമേഖലയോടു ചേർന്ന് പ്രവർത്തിക്കുന്ന ഗോഡൗണിൽ പാറ പൊട്ടിക്കുന്നതുമൂലമുണ്ടാകുന്ന ശബ്ദം കാരണം പരിസരവാസികൾക്ക് വീടുകളിൽ കിടന്ന് ഉറങ്ങുവാൻപോലും സാധിക്കുന്നില്ലെന്നാണ് പരാതി.ഇതിനുപുറമേ രാപകൽ വ്യത്യാസമില്ലാതെ വലിയ ടിപ്പറുകളിലേക്ക് സാധനങ്ങൾ കയറ്റിയിറക്കുന്നതും പ്രദേശവാശികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രത്തിനെതിരേ പരാതി ഉയർന്നതോടെ പഞ്ചായത്ത് അധികൃതരെത്തി സ്റ്റോപ്പ് മെമ്മോ നൽകി.എന്നിട്ടും പാറസംഭരണകേന്ദ്രം പ്രവർത്തനം തുടരുന്നത് കൂടുതൽ പ്രതിഷേധത്തിന് കാരണമാകുകയാണ്. നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയതിനു പിന്നാലെ ഇവർ ലൈസൻസിനായി പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.പ്രതിഷേധം ശക്തമാകുന്നുപ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന്പഞ്ചായത്ത് .

Leave a Reply

Your email address will not be published. Required fields are marked *