ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

Spread the love

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇയാള്‍ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തത് കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്നായിരുന്നു. ഒരു സ്ത്രീയും മറ്റൊരു പുരുഷനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും, ഇരുവരും ഓട്ടോയിലാണ് ഇവര്‍ കടയില്‍ വന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.ഏഴരയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമത്തെയാളെ കണ്ടിട്ടില്ലെന്നും” പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭിഗേല്‍ സാറയെയാണ് കാണാതായത്. വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരന്‍ സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴാണ് സംഭവം.സംഭവവുമായി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9946923282, 9495578999 എന്ന നമ്പറില്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *