ട്രെയിനിൽ കഞ്ചാവ് കടത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കൊല്ലം: ട്രെയിനിൽ കഞ്ചാവ് കടത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സിൽചർ-തിരുവനന്തപുരം അരോണൈ എക്സ്പ്രസിലാണ് മൂന്നുയാത്രക്കാരിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.ശബരിമല തീർഥാടനകാലം ആരംഭിച്ചതിനാൽ റെയിൽവേ എസ്.പി ജി. ഗോപകുമാറിന്റെ നിർദേശം അനുസരിച്ച് ആർ.സി.ആർ.ബി ഡിവൈ.എസ്.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ പരിശോധനയിലാണ് നാല് ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.നാലരക്കിലോ കഞ്ചാവും അഞ്ച് കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പശ്ചിമബംഗാൾ മാൾഡ സ്വദേശിയായ ഫിറോസ് അലി, ന്യൂജൽപായിഗുഡി സ്വദേശി ധനരഞ്ജൻ, അസം സ്വദേശി ബിഗാഷ് മണ്ഡൽ എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം, കൊല്ലം, പുനലൂർ ഗവ. റെയിൽവേ പൊലീസ് (ജി.ആർ.പി) ഇന്റലിജന്‍സ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഗവ. റെയിൽവേ പൊലീസ് പുനലൂർ എസ്.ഐ അനിൽകുമാർ, റെയിൽവേ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിലെ എ. അഭിലാഷ്, യു. ബർണബാസ്, തിരുവനന്തപുരം ജി.ആർ.പി ഷാഡോ പൊലീസിലെ എസ്.വി. സുരേഷ്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.