തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ ഏജൻസിയ്‌ക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ഉദയ്‌പൂലെ തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ ഏജൻസിയ്‌ക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എൻഐഎയുടെ അന്വേഷണം മന്ദഗതിയിലാണെന്നും, അന്വേഷണം ശരിയായ രീതിയിലായിരുന്നെങ്കിൽ കനയ്യ ലാലിന്റെ കൊലയാളികളെ ഇപ്പോൾ തൂക്കിലേറ്റേണ്ട സമയം കഴിഞ്ഞെന്നും ഗെലോട്ട് പറഞ്ഞു.കനയ്യ ലാൽ വധക്കേസിലെ പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഗെലോട്ട് നേരത്തെ ആരോപിച്ചിരുന്നു. കനയ്യ ലാൽ വധക്കേസ് തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ശ്രമിച്ചതിന് ബിജെപിയെ വിമർശിച്ച അദ്ദേഹം, പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് എൻഐഎ അന്വേഷണം വൈകിപ്പിക്കുന്നതെന്നും വ്യക്തമാക്കി.”തിരഞ്ഞെടുപ്പ് വരുന്നതിനാലാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന് ഞാൻ കരുതുന്നു, ബിജെപി ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് എൻഐഎ വേണ്ട രീതിയിൽ അന്വേഷിക്കാത്തത്. അതാണ് എന്റെ സംശയം.”- അദ്ദേഹം പറഞ്ഞു.പ്രതികളെ നേരത്തെ മറ്റൊരു കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ബിജെപിയാണ് അവരെ വിട്ടയച്ചത്. പിന്നീട് രണ്ട് മണിക്കൂറിനുള്ളിൽ രാജസ്ഥാൻ പോലീസ് പ്രതികളെ പിടികൂടിയെങ്കിലും എൻഐഎ കേസ് ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് നടപടി സ്വീകരിച്ചുവെന്ന് എൻഐഎ പറയുന്നില്ലെന്നാണ് കനയ്യ ലാലിന്റെ കുടുംബം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം ജൂൺ 28നാണ് ഉദയ്‌പൂരിലെ തന്റെ കടയിൽ ജോലി ചെയ്യുന്നതിനിടെ കനയ്യ ലാലിനെ രണ്ട് പേർ ക്രൂരമായി കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ സമൂഹ മാധ്യങ്ങളിൽ വൈറലായി.ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്‌റ്റ് പങ്കുവച്ചതിനാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുന്ന വീഡിയോ പ്രതികൾ റെക്കോർഡ് ചെയ്‌തു പങ്കുവച്ചിരുന്നു. കനയ്യ ലാലിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 11 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പാർട്ടിയുടെ സാധ്യതകളെക്കുറിച്ചും ചുവന്ന ഡയറി വിഷയത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് ഉറപ്പുകളെക്കുറിച്ചും ഗെലോട്ട് സംസാരിച്ചു.“ചുവന്ന ഡയറി വിഷയം അസംബന്ധമാണ്, ആരോപണങ്ങൾക്ക് എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ ഇഡിയോ ആദായനികുതിയോ സിബിഐയോ അന്വേഷിക്കട്ടെ.”- ഗെലോട്ട് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളിൽ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 25 ന് നടക്കും. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കൂനാറിന്റെ നിര്യാണത്തെത്തുടർന്ന് ശ്രീഗംഗാനഗറിലെ കരൺപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചു.