ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി ഇന്ത്യയുടെ മലയാളി നാവികന്‍ അഭിലാഷ് ടോമി
പാരിസ്: ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി ഇന്ത്യയുടെ മലയാളി നാവികന്‍ അഭിലാഷ് ടോമി. മത്സരത്തില്‍ അഭിലാഷ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫിനിഷിങ് പോയിന്റായ ഫ്രഞ്ച് തീരത്ത് അഭിലാഷ് പായ്‌വഞ്ചിയുമായി എത്തിച്ചേർന്നു.236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. 48,000 കിലോമീറ്ററാണ് അതിസാഹസികമായി അഭിലാഷ് പായ്‌വഞ്ചിയില്‍ ഏകനായി കടലില്‍ സഞ്ചരിച്ചത്.മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ താരമെന്ന അപൂർവ നേട്ടം താരം സ്വന്തമാക്കി. സെപ്റ്റംബര്‍ നാല് മുതലാണ് അഭിലാഷ് ബയാനത് എന്നു പേരുള്ള പായ്‌വഞ്ചിയുമായി മത്സരം തുടങ്ങിയത്.16 പേരാണ് മത്സരം തുടങ്ങിയത്. അഭിലാഷടക്കം രണ്ട് പേര്‍ മാത്രമാണ് ഫിനിഷ് ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ വനിത ക്രിസ്റ്റീന്‍ നോയ്‌ഷെയ്ഫറാണ് ഒന്നാം സ്ഥാനത്തെത്തിയത്.പായ് വഞ്ചിയുമായി കടലില്‍ ആശയ വിനിമയങ്ങള്‍ സങ്കേതങ്ങള്‍ കുറച്ചു മാത്രം ഉപയോഗിച്ചുള്ള യാത്രയാണ് മത്സരത്തിന്റെ സവിശേഷത. പ്രകൃതിയുടെ വെല്ലുവിളികളും ശരീരിക മാനസിക വെല്ലുവിളികള്‍ അതിജീവിച്ചും ഫിനിഷ് ചെയ്യുക എന്നത് ഏറെ ദുഷ്‌കരമാണ്. സമുദ്ര സാഹസികതയുടെ എവറസ്റ്റ് എന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അറിയപ്പെടുന്നത്.