ന്യൂസ്‌ക്ലിക്ക് പോര്‍ട്ടല്‍ അധികൃതരെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങള്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായംതേടിയെന്ന കേസില്‍ ന്യൂസ്‌ക്ലിക്ക് പോര്‍ട്ടല്‍ അധികൃതരെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങള്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പോര്‍ട്ടലിന്റെ സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെയും എച്ച്.ആര്‍. മേധാവി അമിത് ചക്രവര്‍ത്തിയെയും റിമാന്‍ഡ്‌ചെയ്യുന്നതിനുള്ള ഡല്‍ഹി പോലീസിന്റെ അപേക്ഷയിലാണ് അറസ്റ്റിനുള്ള കാരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.അറസ്റ്റിന്റെ സുതാര്യതയും നിയമസാധുതയും സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പറയുന്നതിന് വിരുദ്ധമായ കാര്യമാണിതെന്ന് ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല പറഞ്ഞു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ഇരുവരുടെയും അപേക്ഷയില്‍ ഡല്‍ഹി പോലീസിന് നോട്ടീസയച്ച ഹൈക്കോടതി, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുന്നതിനിടെയാണ് ഈ പരാമര്‍ശം നടത്തിയത്.