ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് റിപ്പോർട്ട് ; അടിയന്തര ഒഴിപ്പിക്കലിന് ഹെലിപാഡ് വേണം

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് റിപ്പോർട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയിൽ മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്നും പൊലീസ് ശുപാർശ ചെയ്തു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീർഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വഴിപാട് സാധനങ്ങളുടെ കൂട്ടത്തിൽ സ്ഫോടക വസ്തുക്കളോ സ്ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ കടത്താൻ സാധ്യതയുണ്ട്. പല തീവ്രാദ ഗ്രൂപ്പുകളും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരാണ് സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുമ്പോൾ വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങളെ ലംഘിക്കാതെയും നോക്കണം. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവയുടെ മേൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഒക്ടോബറിൽ കളമശേരിയിൽ പ്രാർഥനാ സ്ഥലത്ത് സ്ഫോടനം നടത്തിയത് ഐഇഡി ഉപയോഗിച്ചായിരുന്നു. തീരദേശം വഴി ആയുധവും സ്ഫോടക വസ്തുക്കളും കടത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നു റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തെ ഹോട്ടലുകൾക്ക് തീപിടിക്കാൻ സാധ്യത ഏറെയാണെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു. 30 മുതൽ 130 എൽപിജി സിലിണ്ടറുകൾവരെ ചില ഹോട്ടലുകൾ സൂക്ഷിക്കുന്നു. അനധികൃത സിലിണ്ടറുകൾ സൂക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും ശുപാർശയുണ്ട്.അടുത്ത സീസണിലേക്കുള്ള നിർദേശങ്ങൾ:അധികംവരുന്ന എൽപിജി സിലിണ്ടറുകൾ സന്നിധാനത്ത് സൂക്ഷിക്കുന്നത് നിയന്ത്രിക്കണം. എൽപിജി വിതരണം ദേവസ്വംബോർഡ് ഏറ്റെടുക്കണം. സിലിണ്ടറുകൾക്കായി കേന്ദ്രീകൃത സൂക്ഷിപ്പ് കേന്ദ്രം വേണം.കേന്ദ്രീകൃത റജിസ്ട്രേഷൻ സംവിധാനം വേണം. മകരജ്യോതി, മണ്ഡലപൂജ എന്നീ അവസരങ്ങളിൽ റിസർവേഷൻ സംവിധാനം കൊണ്ടുവരണം. സന്നിധാനത്തുനിന്ന് വലിയരീതിയിൽ ആളുകളെ ഒഴിപ്പിക്കാൻ ബദൽ മാർഗം കണ്ടെത്തണം.പമ്പയിൽനിന്ന് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് റോപ്പ് വേ സംവിധാനം.∙ അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ്∙ തിരക്കു നിയന്ത്രിക്കാൻ സന്നിധാനത്ത് കൂടുതൽ തുറന്ന സ്ഥലം ഉണ്ടാകണം

Leave a Reply

Your email address will not be published. Required fields are marked *