പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ കോൺഗ്രസ് ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്

Spread the love

പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ കോൺഗ്രസ് ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്. ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടതെന്നും കടപ്പുറത്ത് നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചതാണെന്നും മന്ത്രി പറഞ്ഞു. 25 ദിവസം മുൻപ് നവ കേരള സദസിന് വേദി ബുക്ക് ചെയ്തിരുന്നു. കോൺഗ്രസിന് മറ്റ് എവിടെയെങ്കിലും വച്ച് പരിപാടി നടത്താവുന്നതല്ലെ? സർക്കാർ പരിപാടി കുളമാക്കാൻ ആണ് കോൺഗ്രസ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലസ്തീൻ വിഷയത്തിലെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്.നവകേരള സദസിന് നിശ്ചയിച്ച വേദി കോൺ​ഗ്രസിന്റെ പലസ്തീൻ അനുകൂല റാലിക്ക് അനുവദിക്കാൻ ആകില്ലെന്നാണ് അറിയിച്ചതെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ പ്രതികരിച്ചു. ബീച്ചിൽ മറ്റൊരിടത്ത് പരിപാടി നടത്താം. മുന്നൊരുക്കങ്ങൾ നടത്താൻ ഉള്ളതു കൊണ്ടാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതെന്നും കലക്ട‍ർ വ്യക്തമാക്കി.കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. നവകേരള സദസ്സ് നടക്കുന്നതിനാൽ മുന്നൊരുക്കം വേണമെന്ന് ഡിസിസിയെ അറിയിച്ചു. എന്നാൽ റാലിയിൽ മാറ്റമില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു. മുൻ നിശ്ചയിച്ച പ്രകാരം കടപ്പുറത്ത് പരിപാടി നടത്തും. തടയാമെങ്കിൽ തടയട്ടേയെന്നും കെ പ്രവീൺകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.നവംബർ 23ന് കോഴിക്കോട് വെച്ചാണ് കോൺഗ്രസ് ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. കോൺ​ഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *