ഐസിസി ലോകകപ്പ് 2023-ൽ ഇന്ത്യൻ ബാറ്റർമാരും ബൗളർമാരും മികച്ച പ്രകടനം തുടരുന്നു
ഐസിസി ലോകകപ്പ് 2023-ൽ ഇന്ത്യൻ ബാറ്റർമാരും ബൗളർമാരും മികച്ച പ്രകടനം തുടരുകയാണ്. തുടർച്ചയായി ഏഴ് ഗെയിമുകൾ വിജയിച്ച് സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറുമ്പോൾ ഒന്നോ രണ്ടോ മൂന്നോ പേരുടെ മികച്ച പ്രകടനം അല്ല മറിച്ച് ഒരു സംഘം എന്ന നിലയിൽ ഇന്ത്യ അത്രയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യ ഇത്ര എളുപ്പത്തിൽ സെമിഫൈനലിൽ എത്തിയതെന്ന് പറയാം.നാളെ നവംബർ 5 ന് ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബാറ്റ്സ്മാന്മാരുടെ ഫോമിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചു. “ഇന്ത്യൻ ബാറ്റർമാർ മികച്ച ഫോമിലാണ്, അവർക്ക് ചന്ദ്രനിൽ പോലും ധാരാളം റൺസ് നേടാനാകും. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ റൺസ് നേടുന്നുണ്ട്. അത്ര മികച്ച ഫോമിലാണ് അവർ കളിക്കുന്നത്. ബൗളർമാർക്ക് അവരെ നിയന്ത്രിക്കാൻ പ്രയാസമാണ്, ”അദ്ദേഹം പറഞ്ഞു.അതേസമയം നിലവിലെ ഇന്ത്യൻ ടീമിന്റെ ഫോമിനെ എല്ലാവരും പുകഴ്ത്തുകയാണ്. 2023 ലോകകപ്പിലെ നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികവിനെ ടൂർണമെന്റിന്റെ 2003, 2007 പതിപ്പുകളിൽ തുടർച്ചയായി കിരീടങ്ങൾ നേടിയ അജയ്യമായ ഓസ്ട്രേലിയൻ ടീമിനോട് ഉപമിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ മുൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ.ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, മുൻകാല ഓസ്ട്രേലിയൻ ടീമുകൾക്ക് സമാനമായ പ്രഭാവലയം ഇന്ത്യൻ ടീമിനുണ്ടെന്ന് വാട്സൺ പറഞ്ഞു. ‘അവർ സമാനമായ പ്രഭാവലയം പുറപ്പെടുവിക്കുന്നു. 2003, 2007 ലോകകപ്പുകളിലെ അജയ്യരായ ഓസ്ട്രേലിയൻ ടീമുകളുടെ കാര്യത്തിലെന്നപോലെ, ഈ ടീമിന് യാതൊരു ബലഹീനതയും ഇല്ല. ആ ഓസീസ് ടീമിനെപ്പോലെ, ഈ ടീമിന് മികച്ച ലോകോത്തര മാച്ച് വിന്നർമാരും ഉണ്ട്.’രണ്ട് മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയും കളിക്കാരുടെ ഫോമും കണ്ടപ്പോൾ, ഈ ചിന്ത എന്റെ മനസ്സിൽ വന്നു. അവർ അവിശ്വസനീയമാംവിധം ആധിപത്യം പുലർത്തുകയും ടൂർണമെന്റിൽ തോൽവിയറിയാതെ മുന്നേറുകയാണ്. ഈ ഇന്ത്യൻ ടീമിനെ വെല്ലുവിളിക്കാൻ ഇറങ്ങുന്ന ടീമിന് അവരുടെ ഏറ്റവും മികച്ചത് തന്നെ പുറത്തെടുക്കേണ്ടിവരും- വാട്‌സൺ അഭിപ്രായപ്പെട്ടു.