സംസ്ഥാനത്ത് ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി സർക്കാർ : വെള്ളക്കരവും വർധിപ്പിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി പിണറായി സര്‍ക്കാര്‍. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാന്‍ തീരുമാനം. ഏപ്രില്‍ 1 മുതല്‍ 5 % നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തുന്നുണ്ട്.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായി കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാതെ മറ്റ് മാര്‍ഗമില്ലെന്നും ജനങ്ങള്‍ നിരക്ക് വര്‍ധന ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും വൈദ്യുത മന്ത്രി കൂട്ടിച്ചേര്‍ത്തു.