വേദികളില്‍നിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസില്‍ സൗജന്യമായി പോകാം

Spread the love

കേരളീയം കാണാന്‍ തലസ്ഥാനത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള കേരളീയത്തിന്റെ പ്രധാനവേദികള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വൈകിട്ട് ആറുമണി മുതല്‍ രാത്രി പത്തുമണിവരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളിലാണ് സൗജന്യയാത്ര ഒരുക്കിയിട്ടുള്ളത്. ഇതിനായി 20 ബസുകളാണ് കെഎസ്ആര്‍ടിസിയില്‍നിന്നു ലഭ്യമാക്കിയിട്ടുള്ളത്. ആദ്യ രണ്ടു ദിവസങ്ങളിലായി കേരളീയത്തിന്റെ വിവിധ വേദികളില്‍ എത്തിയ ആറായിരത്തി അഞ്ഞൂറോളം പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ ഇതുവഴി സാധിച്ചതായി കേരളീയം ഗതാഗത കമ്മിറ്റി അറിയിച്ചു. ആദ്യ ദിനമായ നവംബര്‍ ഒന്നിന് കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ 10 ബസ്സുകള്‍ 36 സര്‍വീസുകളും കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 10 ബസുകള്‍ 25 സര്‍വീസുകളുമാണ് നടത്തിയത്. രണ്ടാം ദിവസം തിരക്ക് കണക്കിലെടുത്ത് അഞ്ചു ബസുകള്‍ കൂടി അനുവദിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസ് അനുവദിക്കുമെന്നും ഗതാഗത കമ്മിറ്റി അറിയിച്ചു.കേരളീയത്തിന്റെ വിവിധ വേദികളില്‍ നടക്കുന്ന പരിപാടികള്‍ സംബന്ധിച്ച അറിയിപ്പ് ബസിനുള്ളിലെ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വേദികളിലേക്കെത്താന്‍ എവിടെ എത്തണം എന്നത് സംബന്ധിച്ച റൂട്ടു മാപ്പും ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓരോ ബസിലും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളീയവുമായി ബന്ധപ്പെട്ട ഭക്ഷണ, വോളണ്ടിയര്‍, ട്രേഡ് ഫെയര്‍ കമ്മിറ്റികള്‍ക്ക് ആവശ്യമായ ബസുകളും ഗതാഗത കമ്മിറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *