രാജ്യതലസ്ഥാനത്ത് കടന്ന ഭാരത് ജോഡോ യാത്രയിൽ കമൽ ഹാസനും അണിചേർന്നു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് കടന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും അണിചേര്‍ന്നു. ഐടിഒ മുതല്‍ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമല്‍ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കള്‍ നീതി മയ്യം നേതാക്കളും യാത്രയില്‍ പങ്കെടുത്തു. ചെങ്കോട്ടയില്‍ നടന്ന പൊതുയോഗത്തിലും കമല്‍ ഹാസന്‍ സംസാരിച്ചു.രാഹുല്‍ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ യാത്രയില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്ഡി.എം.കെ. സഖ്യവുമായി കൈകോര്‍ക്കാന്‍ കമല്‍ഹാസന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതെന്നും ശ്രദ്ധേയമാണ്.ശനിയാഴ്ച രാവിലെ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും യാത്രയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. 100 ദിവസത്തിലേറെ പിന്നിട്ട യാത്രയില്‍ ഇത് രണ്ടാം തവണയാണ് സോണിയ പങ്കെടുക്കുന്നത്. നേരത്തെ ഒക്ടോബറില്‍ യാത്ര കര്‍ണാടകയിലെത്തിയപ്പോഴാണ് സോണിയ രാഹുലിനൊപ്പം യാത്രയുടെ ഭാഗമായിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, ജയ്‌റാം രമേശ്, പവന്‍ ഖേര, ഭൂപീന്ദര്‍ സിങ് ഹൂഡ, കുമാരി ഷെല്‍ജ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കളും ശനിയാഴ്ച രാജ്യതലസ്ഥാനത്ത് ജോഡോ യാത്രയില്‍ അണിചേര്‍ന്നിരുന്നു.ജനങ്ങള്‍ പരസ്പരം സഹായിക്കുന്ന യഥാര്‍ഥ ഹിന്ദുസ്ഥാനെ തുറന്നുകാണിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഡല്‍ഹിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു. രാജ്യത്തെ സാധാരണക്കാര്‍ സ്‌നേഹത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ആര്‍എസ്എസും ബിജെപിയും തീര്‍ത്ത വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കാനാണ് ഞങ്ങളുടെ യാത്രയെന്നും രാഹുല്‍ വ്യക്തമാക്കി.കോവിഡ് വകഭേദം ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പടുന്നതിനിടെയാണ് തലസ്ഥാനനഗരിയിലൂടെ ജോഡോ യാത്ര കടന്നുപോകുന്നത്. രാജ്യതാത്പര്യവും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്ത് യാത്ര നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രിമാര്‍ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിന്റെ പേരില്‍ യാത്രയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.