ഭക്ഷ്യഭദ്രതയില്‍ കേരളം രാജ്യത്തിന് മാതൃക: ഭക്ഷ്യഭദ്രത സെമിനാര്‍
ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് എം എസ് സ്വാമിനാഥന്റെ മകളും ബെംഗളൂരു ഇന്ത്യന്‍ സ്റ്റാറ്റിസ്സ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥന്‍. കേരളീയത്തിന്റെ ഭാഗമായി ‘ഭക്ഷ്യഭദ്രത’ എന്ന വിഷയത്തില്‍ ടഗോര്‍ തിയേറ്ററില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. കൊവിഡ് കാലഘട്ടത്തിലും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഫലപ്രദമായ ഇടപെലുകള്‍ നടത്തിയ കേരളത്തെ അവര്‍ പ്രശംസിച്ചു. ഭക്ഷ്യ ഭദ്രതയില്‍ നിന്നും പോഷകഭദ്രതയിലേക്ക് ചുവടുമാറേണ്ടതുണ്ട്. അതിലേക്കായി പോഷക സമൃദ്ധ ഭക്ഷണം ശീലമാക്കാനുള്ള അവബോധം കുട്ടികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. സുസ്ഥിര സംവിധാനങ്ങളിലൂടെ സാര്‍വ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കാമെന്ന ആശയം എം എസ് സ്വാമിനാഥന്റെ ശിഷ്യനായ എംപിഎ-ഡിപി കൊളംബിയ സര്‍വ്വകലാശാല ഡയറക്ടര്‍ ഡോ.ഗ്ലെന്‍ ഡെനിംഗ് മുന്നോട്ടുവച്ചു. ആവശ്യമായ അളവിലും തൂക്കത്തിലും പോഷകമൂല്യമുള്ള ഭക്ഷണം ഉറപ്പുവരുത്തി ഭക്ഷ്യഭത്രത ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.സാര്‍വ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കല്‍, പോഷകമൂല്യമുള്ള ഭക്ഷണവും സുസ്ഥിര ഭക്ഷ്യോത്പ്പാദനവും ഉറപ്പുവരുത്തല്‍ തുടങ്ങിയ നൂതനാശയങ്ങളും സെമിനാര്‍ മുന്നോട്ടുവച്ചു. പൊതുവിതരണ സംവിധാനത്തില്‍ മില്ലറ്റ് പോലുള്ള ചെറുധാന്യങ്ങളും പയര്‍വര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തല്‍, കാലാവസ്ഥാ പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള കൃഷിരീതികള്‍ അവലംബിക്കല്‍, വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ശാസ്ത്രീയ ഗോഡൗണുകള്‍ സ്ഥാപിക്കല്‍, തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കല്‍, വിശപ്പ് രഹിത കേരളം എന്നതില്‍ നിന്ന് പോഷകവൈകല്യ രഹിത കേരളം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കല്‍, പോഷക സമൃദ്ധമായ നാടന്‍ ഭക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ മുന്നേറ്റ മാര്‍ഗങ്ങളും സെമിനാര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ പോഷകാഹാര സൂചകങ്ങളുടെ സ്ഥിതി വിവരം ഉള്‍പ്പെടുത്തിയുള്ള ന്യൂട്രിഷന്‍ പ്രൊഫൈല്‍ അവതരിപ്പിച്ചതില്‍ അനീമിയ, വളര്‍ച്ചാ മുരടിപ്പ് തുടങ്ങിയ ഘടകങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന ആവശ്യവുമുയര്‍ന്നു.കേരളത്തിന്റെ ഇ- റേഷനിംഗ് മാതൃകയും ഈറ്റ് റൈറ്റ് പദ്ധതിയും ബീഹാറില്‍ നടപ്പിലാക്കുമെന്ന് ആര്‍ജെഡി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുകുന്ദ് സിംഗ് അറിയിച്ചു.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ചര്‍ച്ചയില്‍ അദ്ധ്യക്ഷനായി. മുന്‍കേന്ദ്രമന്ത്രിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ കെ വി തോമസ്, തമിഴ്നാട് സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജെ ജയരഞ്ചന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, സെന്റര്‍ ഫോര്‍ ചൈല്‍ഡ് ആന്‍ഡ് ദി ലോ, നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു കോര്‍ഡിനേറ്റര്‍ നീതു ശര്‍മ്മ, ബംഗ്ലാദേശ് എഫ്എഒ ഫുഡ്സിസ്റ്റം സ്പെഷ്യലിസ്റ്റ് ആര്‍. വി. ഭവാനി, തമിഴ്നാട് എംഎല്‍എ സി.വി.എം.പി. ഏഴിലരസന്‍, ഫുഡ് കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ എന്നിവരും പാനലിസ്റ്റുകളായിരുന്നു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ കെ രവിരാമന്‍ മോഡറേറ്ററായിരുന്നു. സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമനാണ് വിഷയം അവതരിപ്പിച്ചത്.