കളമശ്ശേരിയിൽ സ്ഫോടനം : നിരവധി പേർക്ക് പരിക്കേറ്റു
കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെൻററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്.ഇന്നു രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.കളമശേരിയിൽ കൺവെൻഷൻ സെൻററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം അവിടെ എത്തിയിട്ടുണ്ടെന്നും ഡിജിപി അടക്കമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടനെത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസും കലക്‌ടറുമായും ബന്ധപ്പെട്ട് അന്വേഷിച്ചുവരികയാണെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലേക്ക് എത്തിയിട്ടില്ല. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. പൊലീസും ഫയർഫോഴ്‌സും എല്ലാ പരിശോധനയും നടത്തുന്നുണ്ട്. സ്‌ഫോടനം എങ്ങനെയാണ് സംഭവിച്ചതെന്ന് അന്വേഷണങ്ങൾക്ക് ശേഷമേ പറയാൻ കഴിയുവെന്നും മന്ത്രി പറഞ്ഞു.