തെക്കൻ മെക്സിക്കോ നഗരത്തെ ഭീതിയിലാഴ്ത്തി ഓറ്റിസ് കൊടുങ്കാറ്റ്
തെക്കൻ മെക്സിക്കോ നഗരത്തെ ഭീതിയിലാഴ്ത്തി ഓറ്റിസ് കൊടുങ്കാറ്റ്. മണിക്കൂറുകൾകൊണ്ട് കനത്ത നാശമാണ് കൊടുങ്കാറ്റിനെ തുടർന്ന് മെക്സിക്കോയിൽ ഉണ്ടായിട്ടുള്ളത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, കൊടുങ്കാറ്റിൽ 27 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. 4 പേരെയാണ് കാണാതായിരിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കിഴക്കൻ പസഫിക്കിൽ രൂപപ്പെട്ട ഓറ്റിസ് മണിക്കൂറിൽ 165 മൈൽ വേഗതയിലാണ് നിലം തൊട്ടത്.പ്രദേശത്ത് നിരവധി വീടുകൾ തകരുകയും, വൈദ്യുതി വിതരണം താറുമാറാകുകയും ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് വ്യാപക മഴയാണ് വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. നിലവിൽ, ഓറ്റിസിന്റെ സ്വാധീനം ദുർബലമായിട്ടുണ്ടെങ്കിലും, മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി പതിനായിരത്തിലധികം സൈനികരെയാണ് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതേസമയം, രക്ഷാപ്രവർത്തനത്തിന് മതിയായ ഉപകരണങ്ങൾ ഇല്ലാത്തത് വലിയ തോതിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്.