രാജ്യാന്തര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി കേരളം മാറി: മുഖ്യമന്ത്രി

Spread the love

കേരളീയത്തിന്റെ ഭാഗമായി 41 രാജ്യങ്ങളിലെ 162 വിദ്യാർഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർഥി സംഗമം നടത്തി

തിരുവനന്തപുരം : രാജ്യാന്തര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായി കനകക്കുന്ന് പാലസ് ഹാളിൽ നടന്ന രാജ്യാന്തര വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള സർവകലാശാലയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളേജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശവിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. 43,500 ചതുരശ്ര അടിയുള്ള ഹോസ്റ്റൽ സമുച്ചയമടക്കമുള്ളവ കേരളത്തിൽ ഉപരിപഠനത്തിനെത്തുന്ന രാജ്യാന്തര വിദ്യാർഥികൾക്കായി ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെ വിദ്യാർഥികളെയും കേരളം ആകർഷിക്കുകയാണ്. നാൽപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 450 വിദ്യാർഥികൾ കേരളത്തിലെ ക്യാമ്പസുകളിൽ പഠിക്കുന്നുണ്ട്.ബഹുസ്വരതയും വൈവിധ്യമാർന്ന സാംസ്‌കാരികതയും കേരളത്തിന്റെ ഭാഗമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്.കേരളത്തെ അറിവിന്റെ സമ്പദ്വ്യവസ്ഥയും നൂതനസമൂഹവുമായി പരിവർത്തനപ്പെടുത്തുന്ന പ്രക്രിയയിലാണ് നമ്മൾ. നവകേരളം സാക്ഷാത്കരിക്കുന്നതിനായി കേരളത്തെ പുതുതായി നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ വിദേശവിദ്യാർഥികൾക്കുള്ള സ്നോഹോപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനാണ് സർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ലോകോത്തരനിലവാരം പുലർത്തുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.

കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പു മന്ത്രിയുമായ വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എം എൽ എ മാരായ സി.കെ. ഹരീന്ദ്രൻ, ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, കേരളീയം സ്വാഗത സംഘം കൺവീനർ എസ്.ഹരികിഷോർ, ഐ പി ആർ ഡി ഡയറക്ടർ ടി.വി.സുഭാഷ്, കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ എന്നിവരും പരിപാടിയിൽ പങ്കാളികളായി. തുടർന്ന് കനകക്കുന്നു പാലസ് ഹാളിൽ വിദേശവിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *