സപ്ലൈകോ യിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുവാൻ സർക്കാർ ഫണ്ട് അനുവദിക്കണം
കാസറഗോഡ് : സപ്ലൈകോയിൽ അരി, പഞ്ചസാര തുടങ്ങി പല സബ്സിഡി സാധനങ്ങളും എത്തിക്കുവാൻ സർക്കാർ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് സപ്ലൈകോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ . ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ. വിജയകുമാർ ആവശ്യപ്പെട്ടു. സപ്ലൈകോയിൽ പഞ്ചസാരയടക്കം പലസബ്സിഡി സാധനങ്ങളും ഇല്ലാതായിട്ട് മാസങ്ങളായി എങ്കിലും അവ എത്തിക്കുവാൻ സർക്കാർ ഗൗരവമായി ഇടപെടുന്നില്ല. സബ്സിഡി സാധനങ്ങൾ നൽകിയ വകയിൽ ബാങ്കിൽ നിന്നും കടമെടുത്ത 3000 കോടിയിൽ ഒരു രൂപ പോലും തിരിച്ചടവ് നടത്തുന്നില്ല. കേവലം 18 ലക്ഷത്തോളം വാർഷിക പലിശമാത്രമാണ് അടവ് വരുത്തുന്നത് ഇത് പരിഹരിക്കുവാൻസപ്ലൈകോ സബ്സിഡിയിനത്തിൽ നൽകിയ തുക നൽകുവാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്ന് വിജയകുമാർ ചൂണ്ടിക്കാട്ടി. പ്രതിവർഷം 5000 കോടി വിറ്റുവരവ് നടത്തു സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽഇപ്പോൾ വില്പന വളരെ കുറവാണ്. ഇത് സപ്ലൈകോയെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കും. സപ്ലൈയർമാർക്ക്‌യഥാസമയം ഫണ്ട് നൽകാത്തത് അവർ ടെണ്ടർ നടപടികളിൽ നിന്നും പിന്നോട്ട് പോകുന്നത് പരിഹരിക്കുവാൻ സർക്കാർ സത്വര മാർഗ്ഗങ്ങൾ അവലംബിക്കണമെന്നും വിജയകുമാർ പറഞ്ഞുസബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ പലതും ഇല്ലാത്തത് പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കിയിട്ടുണ്ട്. ഇത് തൊഴിലാളികളുടെയും പൊതുജനങ്ങളുടേയും ജീവിത നിലവാരം ദുസ്സഹമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.കൂടാതെ സപ്ലൈകോയിൽ ജീവനക്കാർക്ക് 2019 മുതൽ ലഭിക്കേണ്ട ശമ്പള കുടിശ്ശിഖ ഉടൻ നൽകണം. വർഷാവർഷം 10 ശതമാനം വീതം സപ്ലൈകോയിലെ ഡെപ്യൂട്ടേഷൻ നിയമനം കുറച്ച് തനത് ജീവനക്കാർക്ക് പ്രമോഷൻ നൽകുന്ന നടപടി ഉടൻ നടപ്പിൽ വരുത്തണമെന്നും വിജയകുമാർ ചൂണ്ടിക്കാട്ടി.ലാഭത്തിൽ പ്രവർത്തിക്കേണ്ട സപ്ലൈകോ എന്ന പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുവാൻ സബ്സിഡി ഇനത്തിൽ നൽകാനുള്ള കുടിശ്ശിഖ നൽകാൻ സർക്കാർ തയ്യാറായി മുന്നോട്ട് വരണമെന്നും വിജയകുമാർ അഭ്യർത്ഥിച്ചു