വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സെപ്റ്റംബറിൽ പ്രവർത്തന സജ്ജമാകുമെന്ന് അദാനി ഗ്രൂപ്പ്

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സെപ്റ്റംബറിൽ പ്രവർത്തന സജ്ജമാകുമെന്ന് അദാനി ഗ്രൂപ്പ്. നിർമാണ പ്രവർത്തനങ്ങളെല്ലാം അന്തിമ ഘട്ടത്തിലെത്തി. മേയിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ ട്രയൽ റൺ ആരംഭിച്ച് ഓണക്കാലത്ത് പ്രവർത്തന സജ്ജമാക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു. ഓണക്കാലത്ത് തുറമുഖം പ്രവർത്തന സജ്ജമാക്കുന്ന രീതിയിലാണ് നിർമാണം നടക്കുന്നത്.മേയ് മാസത്തിൽ വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകൾ കയറ്റിയ വലിയ ബാർജുകൾ എത്തിച്ചാകും ആദ്യഘട്ട ട്രയൽ റൺ. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് തുറമുഖ അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുന്നതോടെ ഇസ്രയേലിലെ ഹൈഫ മുതൽ കൊളംബോവരെ അദാനി ഗ്രൂപ്പ് സൃഷ്ടിക്കുന്ന തുറമുഖ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും.വിഴിഞ്ഞം തുറമുഖത്തിന്‍റെ ബ്രേക്ക് വാട്ടറിന്‍റെ ആകെ നീളം 2959 മീറ്ററാണ്. ഇതിന്‍റെ 90 ശതമാനം (2800 മീറ്റർ) ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബെർത്ത്, യാർഡ് എന്നിവയുടെ ആദ്യഘട്ട നിർമാണവും അവസാനഘട്ടത്തിലാണ്. 800 മീറ്റർ ബർത്തിൽ 650 മീറ്റർ പണിയാണ് പൂർത്തിയായത്.24 യാർഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോർ ക്രെയിനുകളും ഉൾപ്പെടെ ആകെ 32 ക്രെയിനുകളാണ് വിഴിഞ്ഞത്ത് വേണ്ടത്. ഈ മാസം തന്നെ ഇവ പൂർണമായി സ്ഥാപിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമാണവും പുരോഗമിക്കുകയാണ്. തുറമുഖത്തിന്‍റെ വിവിധ ആവശ്യങ്ങൾക്കുള്ള എട്ട് കെട്ടിടങ്ങൾ, 220 കെ വിയുടെയും 33 കെ വിയുടെയും രണ്ട് സബ് സ്റ്റേഷനുകൾ എന്നിവയും പൂർത്തിയായിട്ടുണ്ട്.പൈലറ്റ് കം സർവേ വെസൽ, മൂറിങ് ലോഞ്ചസ്, നാവിഗേഷനുള്ള ഉപകരണങ്ങൾ തുടങ്ങിയവ ഉടൻ തുറമുഖത്തേക്ക് എത്തിക്കുമെന്നാണ് പോർട്ട് സിഇഒ ആയി ചുമതലയേറ്റ പ്രദീപ് ജയരാമനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *