സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. ചൂട് തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം.കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്നാണ് ഏവരുടെയും പ്രതീക്ഷ. എന്നാൽ, മാർച്ച് ആദ്യ ദിവസങ്ങളിലും കഠിനമായ ചൂട് തന്നെയാണ് അനുഭവപ്പെട്ടത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് നാല് വരെ ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല.