രാമന്തളിയിൽ യുക്തിവാദി സംഘം പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ ബൈക്ക് മൂന്നംഗ സംഘം അഗ്നിക്കിരയാക്കി
പയ്യന്നൂര്‍: രാമന്തളിയിൽ യുക്തിവാദി സംഘം പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ ബൈക്ക് മൂന്നംഗ സംഘം അഗ്നിക്കിരയാക്കി. ഇന്ന് പുലർച്ചെ 1.10 ഓടെയാണ് സംഭവം. രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാല്‍ പത്ത്‌സെന്റിൽ താമസിക്കുന്ന ചെറുവത്തൂരിലെ വാട്ടർ അതോറിറ്റി സെക്ഷന് കീഴിൽ ജോലി ചെയ്യുന്ന എം.പി.ഷൈനേഷ് ഖാദറി ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ എൽ 60. പി. 5374 നമ്പർ ബൈക്കിന് ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നുപേരാണ് പെട്രോൾ ഒഴിച്ച് തീവെപ്പ് നടത്തിയത് . പ്രതികളിൽ ഒരാൾ കുപ്പിയിൽ കൊണ്ടുവന്ന പെട്രോള്‍ ബൈക്കിന് മുകളിലൊഴിച്ച് തീപ്പെട്ടി കത്തിച്ച് തീകൊളുത്തുന്നതും തുടര്‍ന്ന് മൂന്നുപേര്‍ ഓടിമറയുന്ന ദൃശ്യവും വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തീകൊളുത്തിയ ആള്‍ സ്ത്രീകളുപയോഗിക്കുന്ന മാക്‌സി ധരിച്ചും കൂട്ടുപ്രതികൾ സമാന രീതിയിലുള്ള കറുപ്പ് വസ്ത്രവുമാണ് ധരിച്ചിരുന്നത്. തീയും പുകയും പടർന്നതോടെ വീട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ചുവെങ്കിലും ബൈക്ക് കത്തിനശിച്ചിരുന്നു.. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി. തീവെപ്പ് സംഭവത്തിൽ യുക്തിവാദി സംഘവും, സി പി ഐ (എം.എൽ) റെഡ് സ്റ്റാറും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.