ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാമെന്നും പ്രചരണത്തിന് താനും ഉണ്ടാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നുവെന്നും നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു എന്നും മുരളീധരൻ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ലെന്നും അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.പുതുപ്പള്ളിയിൽ രണ്ട് തരത്തിലാണ് സഹതാപം വന്നത്. ഉമ്മൻചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി. ഓണത്തിന് പട്ടിണികിടത്തിയതും പ്രതിഫലിച്ചു. ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ് സിപിഎമ്മിന് സങ്കടം. ബിജെപിക്ക് വോട്ട് ചെയ്യുന്നവർ മാറി ചിന്തിക്കുന്നു. പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിയാത്തത് പാർട്ടി സംവിധാനത്തിന്‍റെ വീഴ്ചയാണ്.’ കെ മുരളീധരന്‍ വ്യക്തമാക്കി.