കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു

Spread the love

കോഴിക്കോട്: കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളെ പൊലീസ് പിടികൂടി. താമരശ്ശേരി വെഴുപ്പൂർ ചുണ്ട കുന്നുമ്മൽ അനുവിന്ദ് ആണ് പൊലീസിന്റെ പിടിയിലായത്. കാറിലുണ്ടായിരുന്ന കത്തറമ്മൽ പുത്തൻ പീടികയിൽ ഹബീബ് റഹ്മാൻ പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു. വാഹനത്തിൽ എംഡിഎംഎയും തുലാസും കണ്ടെത്തി.ആവിലോറ പാറക്കണ്ടി മുക്കിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കെഎൽ 57 എൻ 6067 നമ്പർ ബെൻസ് കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്ന രണ്ട് പേരെ കാറിൽ കണ്ടു. പിന്നീട് ഇവർ ഉണർന്ന് കാറിൽ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ഇവരെ പിടികൂടി കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു.ഇതിനിടെ കാറിൽ നിന്ന് ഒരു പൊതി ഇവർ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കൊടുവള്ളി എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിൽ പുറത്തും കാറിലും നടത്തിയ പരിശോധനയിൽ കവറിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും പേഴ്സിൽ ഒളിപ്പിച്ചതുമായ 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *