സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ നിർമാണം സമയബന്ധിമായി പൂർത്തീകരിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരമുയർത്തുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീയാക്കി വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട വിവിധ റോഡുകളുടെ നിർമാണ പ്രവൃത്തികൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തുകയായിരുന്നു മന്ത്രി. നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലുള്ള 38 റോഡുകളുടെ പ്രവർത്തനമാണ് നഗരത്തിൽ പൂർത്തീകരിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡ് പ്രവൃത്തികൾ ഒരു പ്രത്യേക കേന്ദ്രത്തിനായിരുന്നു ആദ്യം നൽകിയത്. എന്നാൽ സമയബന്ധിതമായി പ്രവർത്തികൾ പൂർത്തീകരിക്കാൻ അവർക്ക് കഴിയാതിരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കി. എന്നാൽ സംസ്ഥാന ഗവൺമെന്റ് ക്രിയാത്മകമായി ഇടപെട്ട് അവരെ ഒഴിവാക്കി. വിവിധ പ്രവൃത്തികളായി പലർക്ക് കരാർ നൽകി. നിരവധി എതിർപ്പുകളെ മറികടന്ന് നടപടികൾ സ്വീകരിച്ചതിലൂടെയാണ് ഇത്തരത്തിൽ മാനവീയം വീഥിയും കലാഭവൻ മണി റോഡും പൂർത്തീകരിച്ചത്. ആൽത്തറ – ചെന്തിട്ട റോഡ് ബി എം ആൻഡ് ബിസി നിലവാരത്തിൽ സൈക്കിൾ വേ അടക്കം ഉൾപ്പെടുത്തി പൂർത്തീകരിക്കും. 2024 ഏപ്രിൽ മാസത്തോടെ കാലവർഷത്തിന് മുൻപ് പൂർത്തീകരിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥൻമാർക്ക് ചുമതല നൽകിയും മന്ത്രിതല റിവ്യൂ മീറ്റിംഗ് നടത്തിയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുടിവെള്ള പൈപ് ലൈനുകൾക്കായി റോഡുകൾ പൊളിക്കുന്ന സാഹചര്യത്തിൽ റോഡ് പൂർവ സ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട വകുപ്പുകൾക്കുണ്ടാകും. ഇത് നിർവഹിക്കുന്നതിന് പൊതുമരാമത്ത്, ജലവിഭവ മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ സമിതി നേതൃത്വം വഹിക്കും. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുവൽസരാഘോഷങ്ങൾക്ക് സ്വീകാര്യതയേറി വരികയാണെന്ന് മന്ത്രി പറഞ്ഞു. സന്തോഷത്തോടെ കുടുംബവുമായി രാത്രി കാലങ്ങളിലുൾപ്പെടെ പുതുവൽസരമാഘോഷിക്കാൻ അവസരമുണ്ട്. പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി ദീപാലംകൃതമായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒ എം അശോക് കുമാർ, പ്രോജക്ട് എൻജിനീയർ കെ ജയപാലൻ എന്നിവരും മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.