അരിക്കൊമ്പന് കാട്ടാനയെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രില്‍ ഇന്ന് നടക്കും
ഇടുക്കി: അരിക്കൊമ്പന് കാട്ടാനയെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രില്‍ നടത്തുക. വയനാട്ടില്‍ നിന്നുള്ള ആര് ആര് ടി ചിന്നക്കനാലില്‍ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്.അരിക്കൊമ്പനെ പിടികൂടാനായാല്‍ പെരിയാര്‍ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയര്‍ റിസര്‍വിലേക്കോ മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. സര്‍ക്കാരിന് ലഭിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടും ഹൈക്കോടതി നിര്‍ദേശവും കണക്കിലെടുത്ത് ആനയെ പിടികൂടുന്നതിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതും സംബന്ധിച്ച് വനം വകുപ്പിനോട് ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.പിടികൂടുന്ന അരിക്കൊമ്പനെ നാളെയോ മറ്റന്നാളോ ആയി മയക്കു വെടി വെക്കാനാണ് പദ്ധതി. അതേസമയം അരികൊമ്പന് വിഷയം കോടതിയില്‍ എത്തിയതിനാലാണ് പരിഹരിക്കാന്‍ താമസമെടുക്കുന്നതെന്നായിരുന്നു വനം മന്ത്രി എകെ ശശീന്ദ്രന്റെ വാദം.