മദ്യലഹരിയിൽ കടയിൽ കയറി എസ്.ഐ.യുടെ പരാക്രമം : പെൺകുട്ടികൾ അടക്കം 5 പേർക്ക് പരിക്കേറ്റു
നെടുമ്പാശ്ശേരി: കരിയാടുള്ള കടയിൽ എസ്.ഐ.യുടെ പരാക്രമം. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷന് കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് കരിയാടുള്ള കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ ബാറിൽ എത്തി പരാക്രമം നടത്തിയത്. നെടുമ്പാശേരി കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള കടയാണിത്. കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് കൺട്രോൾ റൂം വാഹനത്തിൽ എസ്.ഐ. സുനിൽ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. എസ്.ഐ. കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരൽ വടി കൊണ്ടടിച്ചു.ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ , സഹായി ബൈജു , വ്യാപാരി ജോണി എന്നിവർക്ക് അടിയേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം.. ഓടിക്കൂടിയ നാട്ടുകാർ എസ്.ഐയെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി. എസ്.ഐ. മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.എസ്.ഐ യെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തി. മദ്യപിച്ചിരുന്നോ എന്നറിയുന്നതിനായി രക്ത പരിശോധന നടത്തിയിട്ടുണ്ട്. അകാരണമായി മർദ്ദിച്ചതിന് എസ്.ഐ.യ്ക്കെതിരെ നടപടി ഉണ്ടാകുമെന്നറിയുന്നു. കരിയാട്ടിൽ കത്തി കുത്ത് നടക്കുന്നു എന്ന് വിവരം ലഭിച്ചതനുസരിച്ചാണ് സ്ഥലത്തെ ത്തിയെന്നാണ് എസ്.ഐമൊഴി നൽകിയിരിക്കുന്നത്.