താനൂരിൽ കനത്ത മഴയിൽ വൈദ്യുതി തൂണിൽ ഇഴഞ്ഞുകയറിയ പെരുമ്പാമ്പിന് ഷോക്കേറ്റതിന് പിന്നാലെ ജീവൻ നഷ്ടമായി
മലപ്പുറം: താനൂരിൽ കനത്ത മഴയിൽ വൈദ്യുതി തൂണിൽ ഇഴഞ്ഞുകയറിയ പെരുമ്പാമ്പിന് ഷോക്കേറ്റതിന് പിന്നാലെ ജീവൻ നഷ്ടമായി. താനൂര്‍ ഇല്ലത്ത് പടിക്ക് സമീപമുള്ള ഇലക്ട്രിക്ക് ലൈനില്‍ കുടുങ്ങിയാണ് പത്ത് അടിയോളം നീളമുള്ള പെരുമ്പാമ്പിന് ജീവൻ നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടയാണ് സംഭവം.കനത്ത മഴയിൽ വൈദ്യുതി ലൈനിൽനിന്ന് താഴേക്ക് എന്തോ തൂങ്ങി നിൽക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ദൂരെനിന്ന് നോക്കിയപ്പോൾ എല്ലാവരും വൈദ്യുതി കമ്പിയാണ് കരുതി.തുടർന്ന് അപകടം ഇല്ലാതിരിക്കാൻ സംഭവം എന്താണെന്ന് നോക്കാൻ വൈദ്യുതി തൂണിന്‍റെ അടുത്തേക്ക്എത്തിയപ്പോളാണ് പ്രദേശവാസികളെല്ലാം ഞെട്ടിയത്.വൈദ്യുതി കമ്പിക്ക് പകരം താഴോട്ട് തൂങ്ങിനിന്നത് നല്ല ഒന്നാന്തരം പെരുമ്പാമ്പ് ആയിരുന്നു. ഇതോടെ പ്രദേശവാസികൾ ഉടന്‍ തന്നെ താനൂര്‍ ഇലക്ട്രിക്ക് സിറ്റി ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ഉടൻ തന്നെ പാമ്പിനെ താഴെ ഇറക്കാനുള്ളശ്രമം ആരംഭിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി പ്രദേശത്ത് വൈദ്യുതി പൂര്‍ണമായും വിച്ഛേദിച്ചിരുന്നു.തുടർന്ന്, കനത്ത മഴയെ പോലും വകവെക്കാതെ ഏറെ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെതാഴെ ഇറക്കിയെങ്കിലും അപ്പോഴേക്ക് പാമ്പിന്‍റെ ജീവൻ നഷ്ടമായിരുന്നു.എടവണ്ണ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൊടുംമ്പുഴ ബിഎഫ്ഒ ബാലു താനൂര്‍ വൈദ്യുതി ഓഫീസില്‍ എത്തി കെഎസ്ഇബി ഉദ്യോഗസ്ഥരിൽനിന്ന് പാമ്പിനെ ഏറ്റുവാങ്ങുകയായിരുന്നു. ഈ പാമ്പ് വൈദ്യുതി ലൈനിൽ തൂങ്ങി കിടക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിട്ടുണ്ട്. എന്നാൽ, എപ്പോഴാണ് പാമ്പ് ഇതിന്‍റെ മുകളിലേക്ക് കയറിയത് എന്നത് വ്യക്തമല്ല. ഇന്നലെ രാവിലെ മുതൽ ഈ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഈ സമയം ആളുകളുടെ ശ്രദ്ധയിൽപെടാതെ ആയിരിക്കും മലമ്പാമ്പ് വൈദ്യുതി തൂണിലൂടെ ലൈനിൽ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.