സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ തിങ്കളാഴ്ച മുതൽ സൂചന പണിമുടക്ക്
ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് മാസത്തെ ശമ്പളംഇതുവരെ ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നുള്ള റഫറൻസ് കേസുകൾ എടുക്കാതെ സൂചന പണിമുടക്ക് നടത്തുമെന്ന്സി .ഐ.ടി.യു തൊഴിലാളി യൂണിയൻ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ നിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 12 ആംബുലൻസുകളെ സൂചന പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് 108 ആംബുലൻസ് സേവനം തടസമില്ലാതെ ലഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു വ്യക്തമാക്കി. ഇതോടെ തിങ്കളാഴ്ച മുതൽ ഒരു ആശുപ്രതിയിൽ നിന്ന് അടുത്ത ആശുപ്രതിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കും മറ്റും രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസുകളുടെ സേവനം ലഭിക്കാതെ വരും ഇതോടെ രോഗികൾ പണം നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകും എന്നാണ് കരുതുന്നത്. സർക്കാരിൽ നിന്നുള്ള ഫണ്ട് ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.എം.ആർ.ഐ എന്ന സ്വകാര്യ കമ്പനി ശമ്പളം അകാരണമായി തടഞ്ഞ വെച്ചിരിക്കുന്നത് എന്ന് ജീവനക്കാർ ആരോപിക്കുന്നു.