ആന്‍ഡമാന്‍ ദ്വീപില്‍ വന്‍ രാസ ലഹരി വേട്ട
കവരത്തി: ആന്‍ഡമാന്‍ ദ്വീപില്‍ വന്‍ രാസ ലഹരി വേട്ട. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റിവ് എക്‌സൈസ് സംയുക്ത പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. 100 കോടിയുടെ മയക്കുമരുന്നാണ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചത്. നാല് വര്‍ഷം മുന്‍പ് ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിലെ മയക്കുമരുന്നാണ് വ്യാപകമായി തീരത്ത് എത്തിയത്.മഞ്ചേരിയില്‍ 3 മലയാളികള്‍ നേരത്തെ 500 ഗ്രാം മെത്താംഫെറ്റമിന്‍ എക്‌സൈസിന്റെ പിടിയിലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്തരം ഒരു വലിയ ഓപ്പറേഷനിലേക്ക് എത്തിച്ചേരുന്നത്. കേരള എക്‌സൈസും കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണത്തിനായി ആന്‍ഡമാനിലേക്ക് പോയത്. അവിടെ ബലാക്ക് എന്ന ദ്വീപില്‍, പണ്ട് ജപ്പാന്‍ സേന ഉപയോഗിച്ചിരുന്ന ഒരു ബങ്കറുണ്ട്. കടലിനോട് ചേര്‍ന്നാണിത്. ബങ്കറില്‍ സൂക്ഷിച്ചിരുന്ന 50 കിലോ മെത്താഫെറ്റമിനാണ് പിടികൂടി നശിപ്പിച്ചത്.