സമത്വത്തിന്റെ പുതിയ യുഗം പിറക്കുകയാണെന്ന് സ്റ്റാലിൻ : ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ചു തമിഴ്നാട്

Spread the love

അശുദ്ധി’യുടെ പേരിൽ സ്ത്രീകൾക്ക് ഇന്നും വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് തമിഴ്‌നാട്. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയാണ് തമിഴ്‌നാട് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുന്നത്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.സെപ്റ്റംബര്‍ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പികെ ശേഖര്‍ബാബുവില്‍ നിന്നാണ് മൂവരും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചത്. യുവതികളുടെ നേട്ടത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും എക്‌സ് ഹാന്‍ഡിലില്‍ സ്റ്റാലിന്‍ കുറിച്ചു.കടലൂര്‍ ജില്ലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദധാരിയാണ് എസ് രമ്യ. ഭഗവാനെ സേവിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അര്‍ച്ചകര്‍ സ്‌കൂളില്‍ ചേര്‍ന്നതെന്ന് രമ്യ പറഞ്ഞു.ബിഎസ്സി ഗണിതശാസ്ത്ര ബിരുദധാരിയാണ് കൃഷ്ണവേണി. ‘എന്റെ അച്ഛനും മുത്തച്ഛനും ഞങ്ങളുടെ ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിമാരാണ്. പഞ്ചരാത്ര ആഗമമനുസരിച്ച് പരിശീലനത്തിന്റെ ഭാഗമായി മന്നാര്‍ഗുഡി സെന്ദളങ്ങര ജീയാറില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും ദീക്ഷ സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ ചേര്‍ന്നത്’- കൃഷ്ണവേണി പറഞ്ഞു.പൂജാരിമാരായി പഠിക്കാനും ജോലി ചെയ്യാനും അവര്‍ക്ക് ശരിയായ യോഗ്യതയുണ്ടെന്ന് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പികെ ശേഖര്‍ബാബു പറഞ്ഞു. യുവതികള്‍ കോഴ്സിന് അപേക്ഷിച്ചപ്പോള്‍ അവര്‍ക്കായി അഭിമുഖം നടത്തിയിരുന്നു. അവര്‍ പതിവായി കോഴ്സില്‍ പങ്കെടുത്തിരുന്നു, ഈ സമയത്ത് അവര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കി. എല്ലാ അര്‍ച്ചക ട്രെയിനികള്‍ക്കും അവരുടെ ഇന്റേണ്‍ഷിപ്പ് സമയത്തു സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നുണ്ടെന്നും ശേഖരബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *