സനാതന ധർമത്തെ നശിപ്പിക്കുകയാണ് വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭോപ്പാൽ: സനാതന ധർമത്തെ നശിപ്പിക്കുകയാണ് വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ’ സഖ്യത്തെ ‘ഘമണ്ഡിയ’ (ധാർഷ്ട്യം) സഖ്യം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരേ നടത്തിയ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ആവർത്തിച്ച് പ്രതികരണം നടത്തിയിരിക്കുന്നത്.”എല്ലാവരും ജാഗരൂകരായിരിക്കണം. സനാതന ധർമത്തെ ഉന്മൂലനം ചെയ്തുകൊണ്ട് ഇവർ ജനങ്ങളെ ആയിരക്കണക്കിനു വർഷം പിന്നിലേക്കു നയിക്കാനാണ് ശ്രമിക്കുന്നത്”, മധ്യപ്രദേശിൽ 50,700 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങൾ മോദി പറഞ്ഞു.ഈ സഖ്യം അടുത്തിടെ മുംബൈയിൽ യോഗം ചേർന്നു. ഇവർക്ക് നയങ്ങളോ നേതാവോ ഇല്ല. സനാതന ധർമത്തെ ആക്രമിക്കുകയും തകർക്കുകയും ചെയ്യുക എന്ന രഹസ്യ അജൻഡ മാത്രമാണ് അവർക്കുള്ളത്- മോദി കൂട്ടിച്ചേർത്തു.സമൂഹത്തിൽ ജാതിവിവേചനം നിലനിർത്തിയിരുന്ന സനാതന ധർമം പകർച്ചവ്യാധികൾ പോലെയാണെന്നും, അത് ഇല്ലാതാക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവന.