സംസ്ഥാനത്ത് ജനസേനാ- ടിഡിപി സഖ്യം പ്രഖ്യാപിച്ച് ജനസേനാ നേതാവ് പവൻ കല്യാൺ

Spread the love

ഹൈദരാബാദ്: അഴിമതിക്കേസിൽ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ‌ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലാ‍യതിനു പിന്നാലെ സംസ്ഥാനത്ത് ജനസേനാ- ടിഡിപി സഖ്യം പ്രഖ്യാപിച്ച് ജനസേനാ നേതാവ് പവൻ കല്യാൺ. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ ഇനിയും സഹിക്കാൻ ആന്ധ്രാപ്രദേശിനെ കഴിയില്ലയെന്നും പവൻ കല്യാൺ പറഞ്ഞു. രാജമഹേന്ദ്ര വാരം സെൻട്രൽ ജയിലിലെത്തി നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ജയിലിനു പുറത്തു വച്ചു നടത്തിയ മാധ്യമസമ്മേളനത്തിലാണ് പവൻ കല്യാൺ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്.ടിഡിപി നേതാക്കളായ നന്ദമൂരി ബാലകൃഷ്ണനും നര ലോകേഷും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജനസേന-ടിഡിപി സഖ്യത്തിനൊപ്പം ബിജെപിയും ചേരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പവൻ കല്യാൺ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ ജനസേനയും ടിഡിപിയും തയാറാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി എത്രയും പെട്ടെന്ന് ഇരു പാർട്ടികളും സംയുക്തമായി ആക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവൻ കല്യാൺ വ്യക്തമാക്കി. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് ജഗൻ മോഹൻ റെഡ്ഡിയെ സാമ്പത്തിക കുറ്റവാളിയെന്നാണ് പവൻ കല്യാൺ ആരോപിച്ചത്. തന്‍റെ വരാഹി യാത്ര തടയാനായി ജഗനും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും ഗുണ്ടകളെയും അക്രമികളെയും അയച്ചതായും രാഷ്ട്രീയമായി തന്‍റെ വളർച്ച തടയാൻ പരമാവധി ശ്രമിച്ചതായും പവൻ കല്യാൺ ആരോപിച്ചു. ഹൈദരാബാദിന്‍റെ വളർച്ചക്കു പിന്നിൽ പ്രവർത്തിച്ച നായിഡുവിനെ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലാണ് കേസിൽ കുടുക്കി അറസ്റ്റിലാക്കിയതെന്നും പവൻ കല്യാൺ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *