നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ പൊതുപരിപാടികളും : നിയന്ത്രണം
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ല കളക്ടര്‍ എ. ഗീത ഉത്തരവിട്ടു.ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയ പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടപ്പിലാക്കേണ്ടതാണ്. വിവാഹം, റിസപ്ഷന്‍ തുടങ്ങിയ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുമാണ്. പൊതുജനങ്ങള്‍ ഒത്ത് ചേരുന്ന നാടകം, പോലുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ മാറ്റി വെക്കേണ്ടതാണ്.നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണെന്നും പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികള്‍ എന്നിവ മാറ്റി വെക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.