ഇതു കര്‍ഷകരുടെ പ്രശ്‌നം, ഒരുമിച്ചു നില്‍ക്കണം!കൈകൂപ്പി അഭ്യര്‍ഥിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

Spread the love

തിരുവനന്തപുരം: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ കര്‍ഷകരുടെ ജീവിത പ്രശ്‌നമായി മാറിയ 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രി കെ. രാജന്‍ ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ തടസ്സവാദം ഉന്നയിച്ചു കൊണ്ട് രംഗത്തു വന്നതോടെയാണ് കര്‍ഷകരുടെ പ്രശ്‌നത്തില്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന അഭ്യര്‍ഥനയുമായി റോഷി അഗസ്റ്റിന്‍ എഴുന്നേറ്റത്. പട്ടയം കിട്ടിയ ഭൂമിയില്‍ കൃഷി ചെയ്യാനും വീടു വയ്ക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇതു പരിഹരിക്കാനുള്ള ബില്‍ ആണ് അവതരിപ്പിക്കുന്നത്. തര്‍ക്കങ്ങള്‍ ഒഴിവാക്കി പൊതുസ്പിരിറ്റ് ഉള്‍ക്കൊണ്ട് തടസ്സവാദം ഉന്നയിക്കരുതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൈകൂപ്പി അഭ്യര്‍ഥിച്ചു. മുന്‍പ് അവതരിപ്പിച്ചിട്ടുള്ള ബില്ലുകള്‍ക്ക് തടസ്സവാദം ഉന്നയിക്കാതെ ഈ ബില്ലിന് മാത്രം തടസ്സവാദം ഉന്നയിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അത് വിഷമം ഉണ്ടാക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം ബില്‍ സഭയില്‍ എത്തുമ്പോള്‍ വിശദമായ ചര്‍ച്ചയാകാമെന്നും ചരിത്രപരമായ ഈ മുഹൂര്‍ത്തത്തില്‍ ഒപ്പം നില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഇതോടെ തടസ്സവാദം ഉന്നയിച്ചു രംഗത്തുവന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എ പിന്മാറുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ബില്‍ അവതരണ വേളയില്‍ ശാരീരിക അസ്വാസ്ഥ്യം പോലും പരിഗണിക്കാതെ സഭയില്‍ എത്തിയ മന്ത്രി റോഷി അഗസ്റ്റിനെ റവന്യൂ മന്ത്രി കെ. രാജന്‍ ബില്‍ അവതരണ വേളയില്‍ പ്രത്യേകം അഭിനന്ദിച്ചത് ശ്രദ്ധേയമായി. തടസ്സങ്ങള്‍ ഒഴിവാക്കി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാജനും മന്ത്രി റോഷി അഗസ്റ്റിന്‍ കര്‍ഷകരുടെ പേരില്‍ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *