ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതുമായ തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ

Spread the love

ഒട്ടാവ: ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതുമായ തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ. ‘കാനഡയിലെയും ഇന്ത്യയിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയയില്‍ കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. ദയവായി ജാഗ്രത പാലിക്കുക’ കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്ര മാര്‍ഗനിര്‍ദേശം അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ പുതുക്കുന്നത്. കാനഡക്കെതിരായ വികാരമുയര്‍ത്താനും പ്രതിഷേധിക്കാനുമുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിലുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ കാനഡയ്‌ക്കെതിരെ പ്രതിഷേധങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് പൗരന്മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയും നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.ഖലിസ്ഥാനി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) പ്രതിഷേധ ആഹ്വാനത്തെത്തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് പുറത്ത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുക്ഷാവലയവും ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ലോക്കല്‍ പോലീസിനെയും ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *