നരേന്ദ്ര മോദി സർക്കാരിനെതിരേ പ്രതിപക്ഷ മുന്നണി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭയിൽ അവതരിപ്പിച്ചു

Spread the love

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരേ പ്രതിപക്ഷ മുന്നണി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവും അസമിൽ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്.മണിപ്പൂരിൽ സംഘർഷം ആരംഭിച്ച് 80 ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞതെന്നും അതും 30 സെക്കന്‍റുകൾ മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ 2 മണിപ്പൂരാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2 വിഭാഗങ്ങൾ തമ്മിൽ ഇത്തരത്തിലൊരു ഏറ്റുമുട്ടൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും മണിപ്പൂരിലെ ലഹരി മാഫിയയ്ക്ക് പിന്തുണ നൽകുന്നതു മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മണിപ്പൂർ വിഷയം പരിഗണിക്കുമ്പോൾ ഇന്ത്യയിലെ ഡബിൾ എൻജിൻ സർക്കാർ പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. മണിപ്പൂരിൽ സുരക്ഷാ സേനയും പരാജയമായെന്നും അദ്ദേഹം ആരോപിച്ചു.മൂന്നു ചോദ്യങ്ങളാണ് പ്രധാനമന്ത്രിക്കെതിരേ പ്രധാനമായും പ്രതിപക്ഷം ഉന്നയിച്ചത്. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറായില്ല? മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാൻ പ്രധാനമന്ത്രി തയാറാവാത്തത് എന്തുകൊണ്ട്? പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു?12 മണിക്കൂർ നീളുന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി മറുപടി നൽകും. അവിശ്വാസ ചർച്ചയിൽ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *