ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍ എത്തി
ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍ എത്തി. 250 പേര്‍ അടങ്ങുന്ന സംഘമാണ് ചെന്നൈയില്‍ എത്തിയത്. എത്തിയവരില്‍ പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തില്‍ നിന്നുള്ള നിരവധി പേരും സംഘത്തിലുണ്ട്. തമിഴ്‌നാട് റവന്യൂ മന്ത്രി കെകെഎസ്എസ് രാമചന്ദ്രന്‍, ആരോഗ്യമന്ത്രി എംഎ സുബ്രഹ്‌മണ്യം എന്നിവര്‍ ചേര്‍ന്ന് എത്തിയവരെ സ്വീകരിച്ചു.രാജ്യത്തെ തീരാദുഖത്തിലേക്ക് തള്ളിയിട്ട ഒഡിഷ ട്രെയിന്‍ അപകടത്തില്‍ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ടെന്നും ഇവരില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റെയില്‍വെ അറിയിക്കുന്നു. ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട് 6.55നാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയില്‍ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളില്‍ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കില്‍ പോവുകയായിരുന്ന ഹൗറ സൂപ്പര്‍ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇന്ന് ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ഉന്നതതല അന്വേഷണം റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയുടെ കണ്ണീരായി മാറിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ആശ്വാസവാക്കുകളുമായി ലോക നേതാക്കള്‍ രംഗത്ത് എത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കുമടക്കമുള്ള നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിക്കാന്‍ രംഗത്തെത്തിയത്. ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം അറിയിക്കുന്നതായാണ് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ ആശംസിച്ചു. ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്ന് റഷ്യ പ്രസ്താവനയിലൂടെ പറയുകയും ചെയ്തു.