കേരള പദയാത്ര
മലപ്പുറം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര കഴിഞ്ഞ ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചതാണ്.
നാടിൻറെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന “സാഹോദര്യ കേരള പദയാത്ര” മേയ് 10ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് എടപ്പാളിൽ നിന്ന് ജില്ലയിലെ പ്രയാണം ആരംഭിക്കും.
തിരുവനന്തപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31ന് കോഴിക്കോട് പൊതുസമ്മേളനത്തോടെ സമാപിക്കും.
സംസ്ഥാന പദയാത്രയുടെ മുന്നോടിയായി വിവിധ മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി നേതാക്കൾ നേതൃത്വം നൽകുന്ന പ്രാദേശിക പദയാത്രകൾ ശ്രദ്ധേയമായി രീതിയിൽ പൂർത്തിയാക്കി.
യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങൾ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, സാമുദായിക നേതാക്കൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും. മത്സ്യതൊഴിലാളി സംഗമം, ഡിജിറ്റൽ മീഡിയ മീറ്റ്, വഴിയോര കച്ചവടക്കാരുടെ സംഗമം, ആദിവാസി ഭൂസമര പ്രവർത്തകരുടെ സംഗമം, പെയ്ൻ ആൻറ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നവരുടെ സംഗമം, തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം, തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.
സാഹോദര്യ കേരള പദയാത്രയുടെ ആശയങ്ങൾ ഉയർത്തുന്ന വിവിധ ആവിഷ്കാരങ്ങൾ, കലാപരിപാടികൾ എന്നിവ ജാഥയുടെ ഭാഗമായി നടക്കും. സാഹോദര്യ കേരളം എന്ന ആശയത്തെ മുൻനിർത്തി പാർട്ടി ഘടകങ്ങൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. പാർട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം‘ പദയാത്രയുടെ ഭാഗമായി അരങ്ങേറും.
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും മുഴുവൻ മാധ്യമപ്രവർത്തകരുടെയും പൂർണമായ പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:കൃഷ്ണൻ കുനിയിൽ (ജില്ലാ ജനറൽ സെക്രട്ടറി)
നസീറ ബാനു (ജില്ലാ ട്രഷറർ)
ഷാക്കിർ മോങ്ങം (ജില്ലാ സെക്രട്ടറി)