ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; മഹാരാഷ്ട്രയിൽ അതീവ ജാഗ്രത

Spread the love

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മുംബൈ പൊലീസിന് പുതിയ അവധി നൽകില്ല.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. പ്രധാന കേന്ദ്രങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ഡ്രോണുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ച് പാകിസ്ഥാൻ ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് കമ്മീഷണർമാർക്കും, പൊലീസ് സൂപ്രണ്ടുമാർക്കും, സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽമാർക്കും, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാർക്കും പൊലീസ് ഡയറക്ടർ ജനറൽ ഓഫീസ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, തിരക്കേറിയ സ്ഥലങ്ങൾ, സമുദ്രാതിർത്തികൾ എന്നിവിടങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം രാജ്യത്തെ പ്രധാന സ്ഥലങ്ങൾ തീവ്രവാദികൾ ലക്ഷ്യമിടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതിനാലാണ് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത്, മുംബൈ പൊലീസ് തങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ അവധികൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *