മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 133 ആയി ഉയർന്നു. 100 പേർക്ക് പരിക്കേറ്റു.പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികള്‍ ആക്രമണം നടത്തിയത്. വലിയ ഹാളില്‍ സംഗീത പരിപാടിക്കിടെ ആയുധധാരികള്‍ ആള്‍കൂട്ടത്തിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹാളില്‍ നിരവധി സ്ഫോടനങ്ങളും ഭീകരർ നടത്തി. 6,200ഓളം പേരാണ് ഹാളിലുണ്ടായിരുന്നത്. ആയുധധാരികള്‍ ഹാളില്‍ പ്രവേശിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഭീകരസംഘടന ഐ.എസ്. ഏറ്റെടുത്തു. വെടിവെപ്പ് നടത്തിയ നാലു പേരടക്കം 11 പേരെ അറസ്റ്റ് ചെയ്തെന്ന് റഷ്യൻ വാർത്ത ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണവുമായി ബന്ധമുള്ളവരില്‍ ചിലർ റഷ്യ – യുക്രെയ്ൻ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.