കേരളം ഞെട്ടിയ കരിപ്പൂര്‍ വിമാനാപകടത്തിന് ഇന്ന് മൂന്നു വര്‍ഷം തികയുന്നു
മലപ്പുറം: കേരളം ഞെട്ടിയ കരിപ്പൂര്‍ വിമാനാപകടത്തിന് ഇന്ന് മൂന്നു വര്‍ഷം തികയുന്നു. കേരളം മുമ്പൊന്നും കണ്ടിട്ടില്ലാത്ത ദുരന്തത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് 2020 ഓഗസ്റ്റ് 7ന് കരിപ്പൂര്‍ ഗ്രാമം സാക്ഷിയായത്. 2020 ഓഗസ്റ്റ് 7ന് വൈകുന്നേരം എട്ടുമണിയോടെയാണ് വിമാന അപകടം ഉണ്ടായത്.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.45ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ടേക്ക്ഓഫ് ചെയ്ത വിമാനം 7 മണിയോടെ കരിപ്പൂരിന്റെ മാനം തൊട്ടു. ലാന്‍ഡിംഗിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ചു. റണ്‍വേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയര്‍ ഇന്ത്യ വിമാനം മൂന്നു കഷ്ണങ്ങളായി മാറി. കോവിഡ് കാലത്ത് സ്വന്തം സുരക്ഷ പരിഗണിക്കാതെയാണ് നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തിയത്.2 പൈലറ്റുമാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേരുടെ ജീവനുകളാണ് കരിപ്പൂരില്‍ പൊലിഞ്ഞത്. 169 പേര്‍ക്ക് പരിക്കേറ്റു. പ്രദേശവാസികളുടെ അവസരോചിത ഇടപെടലിന്റെ കരുത്തില്‍ മൂന്ന് വര്‍ഷത്തിനിപ്പുറം 190 പേരുള്ള വിമാനത്തിലെ മിക്ക യാത്രക്കാരും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരുമയാണ് കേരളത്തിന്റെ അതിജീവനമന്ത്രമെന്നാണ് അതിഭീകര ദുരന്തമുഖത്തും കരിപ്പൂരിലെ ജനത അടയാളപ്പെടുത്തിയത്. ആ സ്‌നേഹ മുദ്രകള്‍ക്ക് മുന്നില്‍ കേരളം നന്ദിയോടെ കൈകൂപ്പുന്നു.അപകടത്തിന് കാരണമായത് പൈലറ്റിന്റെ പിഴവാണെന്നാണ് എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ കണ്ടെത്തല്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്ക് പറ്റിയവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ട്ടപരിഹാരം ഇത് വരെ വിതരണം ചെയ്തിട്ടില്ല. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പിലായിട്ടില്ല.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം, ഗുരുതരമായി പരിക്കേറ്റ യാത്രകാര്‍ക്ക് 2 ലക്ഷം, നിസാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ എന്നിങ്ങനെയാണ് അപകടം നടന്ന പിറ്റേ ദിവസം കരിപ്പൂരിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.