അമേരിക്കയില്‍ അതിശൈത്യം രൂക്ഷം : 60പേർ മരിച്ചു

Spread the love

അമേരിക്കയില്‍ അതിശൈത്യം രൂക്ഷമായി. ശീതക്കൊടുങ്കാറ്റില്‍ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 60 ആയി. തെക്കന്‍ ന്യൂയോര്‍ക്കില്‍ ഹിമപാതത്തില്‍ 27 പേര്‍ മരിച്ചു. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ താറുമാറായി.പലയിടങ്ങളിലും അടിയന്തര സര്‍വീസുകള്‍ക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. ശീത കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 50 ഡിഗ്രി സെല്‍ഷ്യല്‍ വരെ താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിസൗറി, വിസ്‌കോന്‍സിന്‍, കന്‍സാസ്, കൊളറാഡോ, ഫ്ലോറിഡ, ജോര്‍ജിയ, ടെക്സസ് എന്നിവിടങ്ങളിലെല്ലാം ശീതക്കാറ്റ് കനത്ത നാശം വിതച്ചു. കാനഡയിലും അതിശൈത്യവും ശീത കൊടുങ്കാറ്റും രൂക്ഷമാണ്.കാനഡയ്ക്ക് സമീപമുള്ള ഗ്രേറ്റ് ലേക്ക് മുതല്‍ മെക്സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ വരെയുള്ള പ്രദേശം ശീതക്കൊടുങ്കാറ്റ് ഭീഷണിയിലാണ്. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആര്‍ട്ടിക്ക് പ്രദേശത്ത് നിന്ന് മധ്യ അമേരിക്കയിലേക്ക് ഉറഞ്ഞു കൂടിയ മഞ്ഞാണ് അതി ശൈത്യത്തിന്റെ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *